Monday, September 27, 2010

അംഗ്രേസി പരിഷ്ക്കാരം

എനിക്കും വേണമൊരു കൂട്ടുക്കാരന്‍
ഡേറ്റിങ്ങിനും ചാറ്റിങ്ങിനുമായീ
അമ്മിഞ്ഞപ്പാലിന്റെ
നറുമണം മാറാത്ത
മൂന്നു വയസുക്കാരിയുടെ
ചൊടികളില്‍ നിന്നടര്‍ന്നു വീണത്‌
പതിനേഴിന്റെ പടിവാതിക്കലെത്തി
സ്വപ്നം കാണും പെണ്‍കൊടിയുടെ
കനവുകള്‍ പോലെ വ്യക്തമായിരുന്നു!

മുത്തശി കഥകള്‍ കേട്ടും
ടോം ആന്‍ഡ്‌ ജെറി
കാര്‍ട്ടൂണ്‍ കണ്ടും
ചിരിച്ചു രസിക്കേണ്ട
മൂന്നു വയസുക്കാരി
നിലാവിലെ പ്രണയ കഥ
വിവരിച്ചപ്പോള്‍
നാണത്താല്‍ ചുവന്നു
തുടുക്കുന്ന മുഖം
 സിനിമയിലെ നായികയെ
ഓര്‍മ്മപ്പെടുത്തി !!
തിരുത്തികുറിക്കും വളര്ച്ചഘട്ടം
മാറ്റിമറിക്കും കാഴ്ച്ചപാടുകള്‍
പരിഷ്കൃത നാട്ടിലെ
അംഗ്രേസി  പരിഷ്ക്കാരം!!!

Monday, September 20, 2010

അമ്മയെ വായിച്ചറിഞ്ഞ നാള്‍


കാലത്തിന്‍ കണ്ണാടിയില്‍
നിറവാര്‍ന്നൊരു ചിത്രം
തെളിഞ്ഞിരുന്നു
അമ്മയെ വായിച്ചറിഞ്ഞ നാളുകള്‍

എന്നുള്ളില്‍ ജീവന്റെ
തുടിപ്പ് മൊട്ടിട്ടപ്പോള്‍
മനസിന്റെ തന്ത്രികള്‍ മീട്ടും
വീണാനാദം കേട്ടിരുന്നു
ഉദരത്തിലെ ചലനങ്ങള്‍
മനസിന്റെ മേടയില്‍
നൃത്താനുഭവം തന്നിരുന്നു

കേള്‍ക്കാത്ത സംഗീതത്തില്‍
കാണാത്ത ചുവടുകളില്‍
അറിയാതെ...അറിയാതെ
ഞാന്‍ അലിഞ്ഞിരിന്നു....

പേറ്റുനോവിന്‍ കൊടുമുടി താണ്ടി
കിട്ടിയൊരു ദര്‍ശന സുഖം
പൂപോലെ വിടര്‍ന്നൊരു
ഓമന മുഖം....
ഹാ..അനുഭൂതിയുടെ കുളിര്‍-
തെന്നലില്‍ ചുരത്തിയ മുലപ്പാല്‍
നനവായീ പടരുന്നത്‌
ഞാന്‍ അറിഞ്ഞിരുന്നു
അമ്മ!!! അമ്മയെ വായിച്ചറിഞ്ഞ നാള്‍ !!

Monday, September 13, 2010

അസ്തമയം





ആഴങ്ങളില്‍ മറയും സൂര്യ
നീ അവാഹിച്ചെടുത്തിട്ടുണ്ടോ
എന്റെ നൊമ്പരങ്ങളുടെ കടലിനെ
ആകാശത്തിന്റെ ചെരുവില്‍ വെച്ചു
മേഘങ്ങള്‍ നിറങ്ങള്‍ ചാര്‍ത്തി തന്നെ

എന്റെ സ്വപ്നങ്ങളെ
നീ കടലിന്റെ ആഴത്തിലെ
മുത്തുകള്‍ക്കു സമ്മാനിക്കുമോ

ഒരു പകല്‍ മുഴുവനു
ഒറ്റ മുറിയില്‍ ഏകാന്തതയില്‍
നിന്റെ വെളിച്ചത്തെ സാക്ഷിയാക്കി
ഞാനൊരു കിനാവിനെ പ്രസവിച്ചിട്ടുണ്ട്

കുട്ടികൊണ്ട് പോവുക
മീനുകല്‍ക്കൊപ്പം കളിയ്ക്കാന്‍ വിടുക
നിന്റെ പ്രകാശം തട്ടി
ഞാനുമിപ്പോള്‍ ആരുമറിയാതെ
ജ്വലിക്കുന്നു നിറം വക്കുന്നു
വിരിയുന്നു


(വര്‍ഷങ്ങള്‍ക്കു ശേഷം അച്ചടി മഷി പുരണ്ട എന്റെ  കവിത
ഹലോ കേരളയില്‍ ...)

Tuesday, September 7, 2010

മഷി കറുപ്പ്

പേനയില്‍ നിന്നും കുടഞ്ഞിട്ട
മഷി പോലെ പടരുന്നു
നിന്റെ വാക്കുകള്‍
എന്റെ ഹൃത്തടത്തില്‍

സ്നേഹത്തിന്‍ തൂവാല
കൊണ്ടൊപ്പിയെടുക്കാന്‍
തുടങ്ങിയപ്പോള്‍
മഷികറുപ്പ്‌ കൊണ്ട്
വികൃതമായീ തൂവാല !!

സൌഹൃതത്തിന്‍ തെളിനീര്‍
തൂകി വെടിപ്പാക്കാന്‍
ശ്രമിച്ചപ്പോള്‍
തെളിനീരില്‍ കലര്‍ന്നു
ആ മഷി കറുപ്പ്

പുലര്‍കാലെ തെളിയുന്ന
കിരണങ്ങള്‍ പോലെ
തെളിവുള്ള അക്ഷരങ്ങളായീ
മാറട്ടെ ആ മഷി കറുപ്പ്!!!