Sunday, August 21, 2011

ഓണകാഴ്ച


ഓര്‍മയുടെ കൈ വിടുവിച്ചു
അനാഥത്വത്തിലേക്ക് പടിയിറങ്ങി
പോയൊരു ഓണം
വല്ലാതെ തിരയുന്നുണ്ട്
ഒരു തുണ്ട് തുമ്പ പൂവിനായീ
പിണങ്ങി പോയൊരു
ഐശ്വര്യത്തെ മടക്കി വിളിക്കാന്‍!

സ്വീകരണ മുറിയില്‍
ചിത്രങ്ങളായീ തൂങ്ങിയ
തെറ്റിയും മന്ദാരവും തുളസിയും
സദ്യ ഒരുക്കി കാത്തിരുന്നു
ഒരിക്കലും വിരുന്നു വരാത്ത
ഒരു ഓണത്തപ്പനുവേണ്ടി!

ബാല്യത്തിന്റെ   തെക്കിനിയില്‍ \
ബന്ധിക്കപ്പെട്ട അത്തപ്പൂക്കളം
തുള്ളാനെത്തുന്ന തുമ്പികളെ
കാത്തിരുന്നു ഉറങ്ങി
പോയിട്ടുണ്ടാവും!

കൂട്ടുകൂടാന്‍  എത്തിയ
പുലി കളിയും  തലപന്തുകളിയും
കമ്പ്യൂട്ടര്‍ ഗെയിമില്‍ കുടുങ്ങിപോയ
കുട്ടികളെ കാത്തിരുന്നു
പറമ്പില്‍ തന്നെ ഉറങ്ങി വീണു!!

അപ്പോഴും ഉറങ്ങാതെ
ബിവറേജ് ക്യുവില്‍
കാത്തു നില്‍പ്പുണ്ട്
ആഘോഷ തിമര്പ്പോടെ
ഒരോണം !!

(മലയാളസമീക്ഷ - ഓണപതിപ്പ് )

Sunday, August 14, 2011

അരികിലെത്തുന്ന ദൂരങ്ങള്‍..



രാകി മിനുക്കി, മൂര്‍ച്ച കൂട്ടി
കൊണ്ട് നടക്കുന്നുണ്ട്
ഒരു തുണ്ട് വെയിലിനെ,
ഇടവഴിയില്‍ വീണുകിടക്കും
ഇരുട്ടിനെ മുറിച്ചെടുക്കാന്‍!

മണ്ണില്‍ ചെവിചേര്‍ത്തു-
വച്ചാല്‍ കേള്‍ക്കുന്നുണ്ട് ‍
ഒരു തുള്ളി വെള്ളത്തിനായീ
പരതുന്ന വേരുകളുടെ
വിശപ്പിന്റെ നിലവിളിയൊച്ച‍
തൊട്ടടുത്തെന്ന പോലെ !

പാലം മുറിച്ചു വന്നൊരു കുന്നു ‍
പതഞ്ഞൊഴുകുന്ന ശാന്തതയിലേക്ക്
ഇറങ്ങി നടന്നതു ആഴങ്ങളുടെ
ദൂരം ഇല്ലാതാക്കുവാന്‍!!

മറവിയുടെ കപ്പല്‍ കയറി
ദേശാടനത്തിനു പോയൊരു
ജീവിതം മഴയുടെ കൈപിടിച്ച്
മടങ്ങിയെത്തിയപ്പോള്‍
കാത്തിരുന്നു ഉണങ്ങി
വീണുപോയൊരു മരം!!

പഴമയുടെ മുറ്റത്ത്‌
ചാരുകസ്സെരയില്‍ ചാഞ്ഞു
കിടപ്പുണ്ടൊരു പ്രതാപം
ദൂരങ്ങള്‍ പിന്നിടാന്‍അവള്‍
ഇറങ്ങി കിടന്ന പാളത്തില്‍!!

(വര്‍ത്തമാനം ആഴ്ചപതിപ്പ് )